കേസിനും വിവാദങ്ങള്‍ക്കും പുല്ലുവില; മഹാത്മാ ഗാന്ധി അഴിമതി നടത്തിയ പണം മലബാറില്‍ കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ചു, ശശികല പഴയിടത്തുതന്നെ

കൊച്ചി: (www.kvartha.com 13.11.2016) കേസിനും വിവാദങ്ങള്‍ക്കുമിടെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല വിവാദപരാമര്‍ശങ്ങളുമായി ചാനലില്‍. റിപോര്‍ട്ടര്‍ ടി.വിയുടെ ക്ലോസ് എന്‍കൗണ്ടറിലാണ് മുന്‍ കാലങ്ങളിലെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചത്.


ചാനല്‍ അവതാരകനായ അഭിലാഷിന്റെ ചോദ്യം ഇതായിരുന്നു: 1920 ല്‍ നിസഹകരണ പ്രസ്ഥാനം ആരംഭിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാക്കാര്‍ സംഘടിക്കുകയും സമരാവശ്യത്തിനു വേണ്ടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു കോടിയില്‍പരം രൂപ സമാഹരിക്കുകയും ചെയ്തിരുന്നു. ഈ ഫണ്ട് ഓഡിറ്റ് ചെയ്ത് കണക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പണം കൊണ്ടാണ് 1921 ലെ മലബാര്‍ കലാപം സംഘടിപ്പിച്ചതെന്നാണ് ശശികലയുടെ ആരോപണം. 1920 ഒക്ടോബര്‍ ഒന്നാം തീയ്യതിയാണ് നിസഹകരണ സമരം തുടങ്ങുന്നത്. അന്ന് തന്നെയാണ് തിലകന്‍ അന്തരിക്കുന്നത്. അതുകൊണ്ട് ഒരു ദിവസം മാറ്റി പിറ്റേന്ന് തുടങ്ങുന്നു. അതാണ് തിലക് സ്വരാജ് ഫണ്ട് സ്വരൂപിക്കാനുണ്ടായ പെട്ടെന്നുണ്ടായ കാരണം. നിസഹകരണ സമരം തുടങ്ങുന്നതിന് സമാന്തരമായിട്ട് തന്നെയാണ് ഖിലാഫത്ത് പ്രസ്ഥാനം നടക്കുന്നത്. കോണ്‍ഗ്രസിന്റെ 1921 ലെ വിജയവാഡ സമ്മേളനമാണ് ഇങ്ങനെയൊരു ഫണ്ട് കളക്ട് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഖിലാഫത്ത് പ്രസ്ഥാനം അതിന് സമാന്തരമായി നടന്നു എന്നതുകൊണ്ട് ഈ ഫണ്ട് അങ്ങോട്ട് വകമാറ്റി എന്ന് പറയുന്നതില്‍ എന്ത് അടിസ്ഥാനമാണ് ഉള്ളത്?

ശശികലയുടെ മറുപടി: രണ്ടും സമാന്തരമായാണ് തുടങ്ങിയതെങ്കിലും രണ്ടും ഒന്നിച്ചാണ് നീങ്ങിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഖിലാഫത്ത് നിസഹകരണ കമ്മിറ്റികളാണ് നിലവില്‍ വന്നത്. ഖിലാഫത്ത് കമ്മിറ്റി എന്ന് പറഞ്ഞിട്ട് കാര്യമായി എവിടെയും ഒരു മുന്നേറ്റവും അതിന് ഉണ്ടാക്കാനായിട്ടില്ല. എന്നാല്‍ അതിന്റെ ഭീകരവശം ഉണ്ടായത് കേരളത്തിലാണ്. രണ്ട് പ്രസ്ഥാനവും ഒന്നിച്ചാണ് ഒഴുകിയത്. അത് ചരിത്രമാണ്. തിലക് സ്വരാജ് ഫണ്ട് ഉപയോഗിച്ച് തന്നെയാണ് ഖിലാഫത്ത് പ്രസ്ഥാനവും നടന്നുപോയത്.



മാര്‍ച്ച് മാസത്തിലാണ് വിജയവാഡ സമ്മേളനം നടക്കുന്നതെന്നും ജൂണ്‍ മാസത്തില്‍ മാത്രമാണ് ഫണ്ട് പിരിക്കാന്‍ തുടങ്ങിയതെന്നും രേഖകളുണ്ട്. മലബാര്‍ കലാപം നടക്കുന്നത് ഓഗസ്റ്റ് മാസത്തിന് ശേഷമാണ്. അങ്ങനെ വരുമ്പോള്‍ ഇതിനിടെ എങ്ങനെ ഫണ്ട് കിട്ടും എന്നതായിരുന്നു അടുത്ത ചോദ്യം. ഇതിന് മറുപടിയായി ഇതൊക്കെ വെറും കുയുക്തികളാണെന്നും മൂന്ന് മാസം വേണ്ട, ഒരു ദിവസം മതി ഫണ്ട് പിരിക്കാനെന്നുമായിരുന്നു ശശികലയുടെ മറുപടി.

ഈയടുത്താണ് പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് ഹൊസ്ദുര്‍ഗ് പോലീസ് ശശികലയ്‌ക്കെതിരെ കേസെടുത്തത്. സലഫി പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലോത്തിനെതിരെ ഷുക്കൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തതിനു പിന്നാലെയായിരുന്നു ശശികലയ്‌ക്കെതിരെയും പരാതി നല്‍കിയത്. ഷംസുദ്ദീനെതിരെ യു.എ.പിഎയും ചുമത്തിയിരുന്നു. ശശികലയ്‌ക്കെതിരെ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാത്തതിനെ പറ്റി വിവിധ രാഷ്ട്രീയ നേതാക്കള്‍ ഇടപെടുകയും സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഒടുവില്‍ ശശികലയ്‌ക്കെതിരെ കേസെടുത്തത്. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും തന്നെ ഇതുവരെ പോലീസ് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇത്തരം വിഷയങ്ങളില്‍ ശശികലയുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് തെളിയിക്കുന്ന വിധം ടി.വി ചാനലില്‍ അഭിമുഖം പ്രത്യക്ഷപ്പെട്ടത്.
Share on Google Plus

0 comments:

Post a Comment